നോമ്പ്‌ തുറക്കുമ്പോൾ പ്രാർഥന


അബൂഹുറൈറഹ്(റ)വിൽ നിന്നും: നബി (സ) പറഞ്ഞു: മൂന്നാളുകളുടെ ദുആ തള്ളപ്പെടില്ല , നോമ്പുകാരൻ നോമ്പ് തുറക്കുമ്പോൾ , സത്യസന്ധനായ നേതാവിന്റെ, അടിച്ചമർത്തപ്പെട്ടവന്റെ.
(ഇബ്‌നു മാജ 1752,തിർമുദി 3598)
ഇബ്‌നു മാജ സ്വഹീഹും തിർമുദി ഹസനും എന്ന് പറഞ്ഞു. ഇമാം ദഹബിയുടെ  കാശിഫിന്റെ ഹാശിയയിൽ ഇതിലേ നിവേദകർ എല്ലാം സ്വീകാര്യർ എന്ന് പറയുന്നു. (ഹാശിയ കാശിഫ് 2/ 45)
പ്രയാസങ്ങളുടെ ഈ കാലത്ത്  വിശ്വാസിയുടെ ആയുധമായ ദുആ എല്ലാവരും ഉപയോഗിക്കുക. പ്രതിസന്ധികളെ തരണം ചെയ്യാൻ അവ നമുക്ക് ശക്തി പകരും. 

നോമ്പ് തുറക്കുമ്പോൾ ഉള്ള ചില ദുആകൾ :

*عن معاذ بن زهرة أنه بلغه، أن النبي صلى الله عليه وسلم كان إذا أفطر قال: " اللهم لك صمت وعلى رزقك أفطرت*
മുആദ് ഇബ്ൻ സുഹ്രത് (റ ) വിൽ നിന്നും :നബി (സ ) നോമ്പ് തുറക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു *അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പെടുത്തു നീ തന്ന ഭക്ഷണം കൊണ്ട്  നോമ്പ് തുറക്കുകയും ചെയ്തു*

ഈ ഹദീഥ് അബൂദാവൂദ്‌ , ബൈഹക്കി , ഇബ്‌നു അബി ശൈബ തുടങ്ങിയവർ ഉദ്ധരിച്ചിട്ടുണ്ട് . മുആദ്‌ ഇബ്‌നു സുഹ് റത്ത് നബിയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത് . മുആദ്‌ താബിഈ ആണ് സ്വഹാബിയല്ല അതിനാൽ ഇതിനെ ദഈഫായ ഹദീഥിൽ പെട്ട *മുർസൽ* എന്ന് പറയും. 

മറ്റൊരു ദുആ :
* بسم الله، اللهمَّ لك صمت، وعلى رزقك أفطرت*

  الطبري في الأوسط (7/298) (549) والأصبهاني 
في تاريخ أصبهان (2/217-218)
ഈ ഹദീസിലെ 
*إسماعيل بن عمرو*
ദുർബലന് ആണ്. 
 أبو حاتم: هو ضعيف الحديث، وقال ابن عدي: هو ضعيف وله عن مسعر غير حديث منكر، لا يتابع عليه، وقال الدراقطني: ضعيف

( ജർഹ് വ തഅദീൽ 2/190)

മറ്റൊന്ന് : 
*" لك صمت، وعلى رزقك أفطرت، فتقبل مني إنك أنت السميع العليم "*
 المعجم الكبير (12/146)
വേറെ വാക്കുകളിലും വന്നിട്ടുണ്ട് 
*أن النبي صلى الله عليه وسلم كان يقول:
" اللهم لك صمنا، وعلى رزقك أفطرنا، فتقبل منَّا إنك أنت السميع العليم* 

الدراقطني في سننه (2/185) (26)، وابن السني في عمل اليوم واللية (ص169) (480
ഈ ഹദീസ് എല്ലാം അബ്ദുൽ മാലികിൽ നിന്നാണ്  ഉദ്ധരിക്കപ്പെടുന്നത്. 
عبد الملك بن هارون بن عنترة
ഇദ്ദേഹത്തെ പറ്റി മുഹദ്ദിസുകൾ പറയുന്നത് :
قال عنه الإمام أحمد: ضعيف الحديث. وقال يحيى بن معين: كذاب. وقال أبو حاتم: متروك الحديث، ذاهب الحديث.
കളവ് പറയുന്നവൻ, ഹദീസ് വർജ്യൻ എന്നൊക്കൊയാണ്. 
(മീസാൻ 4/410)

മറ്റൊരു ദുആ :

*ذهب الظمأ وابتلت العروق وثبت الأجر إن شاء الله* 

ദാഹം ശമിച്ചു; നരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു.”

 وهذا الحديث إسناده حسن، قال الحافظ ابن حجر في التلخيص الحبير (2/802): " قال الدارقطني: إسناده حسن

ഈ ഹദീസ് ഹസ്സൻ ആണെന്ന് ഇബ്ൻ ഹജർ, ദാറുകുത്നീ, അൽബാനി, തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്.  പരിശോധന നടത്തിയാൽ 
അതിലെ മർവാൻ ഇബ്ൻ സാലിം  മുഖഫഅ എന്ന റിപ്പോർട്ടർ മഹ്ജൂൽ(വിശ്വസ്തനാണോ എന്നറിയപ്പെടാത്തവൻ) ആണ് . ഇമാം ദൗ ലബി ഇദ്ദേഹത്തിന്റെ ഹദീഥ് നിഷിദ്ധമെന്ന് പറയുന്നു.  ഇതിലെ മർവാൻ ഇബ്ൻ സാലിം മുഖഫാഅ  ,  മർവാൻ ഇബ്ൻ സാലിം  ആസ്ഫർ ആണെന്ന് കരുതി ഹാകിം  സ്വഹീഹ് ആകുന്നുണ്ട്. അത് ഹാകിമിന്റെ അബദ്ധമാണ് എന്ന് ഇബ്ൻ ഹജർ തക്രീബിൽ പറയുന്നു. യഥാർത്ഥത്തിൽ ഈ മർവാന്  ആരെന്ന് വ്യക്തമല്ല. തഹ്രീർ തക് രീബ്  തഹ് ദീബിൽ ഈ മർവാൻ മജ് ഹൂൽ അൽ ഹാൽ ആണെന്ന് പറയുന്നു. 

അതിനാൽ  നോമ്പ് തുറക്കാൻ  നബിയിൽ നിന്നും പ്രത്യേകം സ്വഹീഹായ ദുആകൾ വന്നിട്ടില്ല എന്ന് മനസിലാക്കാം.  ദുആ സ്വീകാര്യമായ സന്ദർഭങ്ങളിൽ നല്ല സന്ദർഭമാണ് നോമ്പ് തുറക്കുന്ന വേള. അതിനാൽ നാം ആ സമയം അല്ലാഹുവിനെ കൂടുതൽ സ്മരിക്കുകയും നമ്മുടെ ആവലാതികൾ  അവനോട് പറയുകയും  ചെയ്യുക. അല്ലാഹു നമ്മെ റയ്യാനിലെ കൂട്ടുകാരക്കട്ടെ.

✍️ശാഹിദ്‌ മൂവാറ്റുപുഴ

ഇഫ്താർ സംഗമങ്ങൾ


സർവശക്തനായ റബ്ബ് വിശ്വാസിക്ക് നൽകിയ സമ്മാനമാണ് റമദാൻ. റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ കാരുണ്യം പ്രതീക്ഷിക്കുന്ന നമ്മൾ പലപ്പോഴും മറ്റ്‌ സൃഷ്ടികളോടും , മനുഷ്യവർഗ്ഗത്തോടും കരുണ കാണിക്കാറില്ല. നമ്മുടെ ചുറ്റുമുള്ള ജീവികൾ ദാഹജലത്തിനായി കേഴുമ്പോൾ നാം ആരാധാനകളിൽ പ്പോലും ജലം ദുർവിനിയോഗം ചെയ്യുന്നു. നമ്മുടെ അയൽകാരനും കുടുംബക്കരനും ദാരിദ്ര്യത്തിൽ കഴിയുമ്പോൾ നാം ധൂർത്തിൽ അഭിരമിക്കുന്നു. ആർക്കാണ് നാം ഭക്ഷണം നൽകേണ്ടത് ? ആരെയാണ് നാം നോമ്പ് തുറപ്പിക്കേണ്ടത് ? 

ﻟِﻠْﻔُﻘَﺮَآءِ ٱﻟَّﺬِﻳﻦَ ﺃُﺣْﺼِﺮُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﺿَﺮْﺑًﺎ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺤْﺴَﺒُﻬُﻢُ ٱﻟْﺠَﺎﻫِﻞُ ﺃَﻏْﻨِﻴَﺎٓءَ ﻣِﻦَ ٱﻟﺘَّﻌَﻔُّﻒِ ﺗَﻌْﺮِﻓُﻬُﻢ ﺑِﺴِﻴﻤَٰﻬُﻢْ ﻻَ ﻳَﺴْـَٔﻠُﻮﻥَ ٱﻟﻨَّﺎﺱَ ﺇِﻟْﺤَﺎﻓًﺎ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ

        

ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌.(ഖു൪ആന്‍:2/273)

അല്ലാഹുവിന്റെ ദൂതർ പറഞ്ഞു:
''ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല സാധു.' അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?' നബി (സ്വ) പറഞ്ഞു: 'തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നുംചോദിക്കുന്നുമില്ല.
അവനാണ് സാധു'. (മുസ്‌ലിം)

അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവർ സാധുകളെ നോക്കി അവർക്ക് ഭക്ഷണം നൽകുക. സഹോദരങ്ങളെ നാം എല്ലാദിവസവും മാംസം കൊണ്ടുള്ള വിവിധ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പലതരം ഫ്രൂട്‌സ് കഴിക്കുമ്പോൾ വെറും കിഴങ്ങു കറിയും ഗോതമ്പ് റൊട്ടിയും കഴിച്ചു നോമ്പു തുറക്കുന്ന സാധുകൾ നമ്മുടെ ചുറ്റിലുമുണ്ട് അത് മറക്കാതിരിക്കുക. എന്നിട്ട് തീരുമാനിക്കുക നമുടെയെല്ലാം നോമ്പു തുറ അല്ലാഹുവിന്റെ പ്രീതിക്ക് യോജിച്ചതാണോ എന്ന്.

നോമ്പുതുറ

مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِمْ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
ഒരു നോമ്പുകാരന്  ആരെങ്കിലും നോമ്പ് തുറക്കാൻ ഭക്ഷണം നൽകിയാൽ നോമ്പുകാരൻെറ പോലുള്ള പ്രതിഫലം തുറപ്പിച്ചവനും ഉണ്ട് , നോമ്പുകാരനറെ പ്രതിഫലത്തിൽ നിന്നും ഒട്ടും നഷ്ടപ്പെടാതെ തന്നെ "
[ തിർമുദി  807 , ഇബ്ൻ മാജ 1746 , ദാരിമി 1658 , ഇബ്ൻ ഹിബ്ബാൻ 3511 , ഥബ്റാനി 7132 ,ബൈഹഖി 7942 ,ബസ്സാർ 3775 ]

അഞ്ചോളം ത്വരീഖിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെടുന്നു . എല്ലാം തന്നെ സനദ് ദുർബലമാണ്.
എന്നാൽ ഇസ്ലാം ദരിദ്രർക്കുള്ള ഭക്ഷണം പ്രോത്സാഹനം ചെയ്യുന്നു. അദിയ്യ്ബ്നുഹാതിം(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നരകത്തിൽ നിന്ന് രക്ഷപ്രാപിച്ചു കൊള്ളുക. (മുസ്ലിം 1016). നമ്മൾ നോമ്പിന്റെ ഉദ്ദേശ ലക്ഷ്യത്തിലേക്ക് എത്തിയാൽ അഥവാ തഖ്‌വ കരസ്ഥമാക്കുവാൻ പാകത്തിനായൽ നമ്മുടെ കർമ്മങ്ങളും ശരിയാകും.

അബൂ ഹുറൈറ [റ ] വിൽ നിന്നും, നിവേദനം ; ഒരു ദിവസം രാത്രി  നബി [ സ ] വിശപ്പ് സഹിക്കവയ്യാതെ വീട്ടിൽ നിന്നും പുറത്തു വന്നു. എവിടെ നിന്നെങ്കിലും അൽപ്പം  ഭക്ഷണം ലഭിക്കുമോ എന്നതാണ് ലക്ഷ്യം .   അപ്പോൾ നബി [സ ] അബുബക്കർ [ റ ],ഉമർ[ റ ] എന്നിവരെ വഴിയിൽ കണ്ടുമുട്ടി. അവരോട് നബി [സ ] ചോദിച്ചു ;എന്താണ് ഈ രാത്രീ നിങ്ങളെ വീട്ടിൽ നിന്നും പുറത്തുവരാൻ പ്രേരിപ്പിച്ചത് ?  അവരുടെ പ്രശ്‍നവും  വിശപ്പാണ്  . നബി [സ ] പറഞ്ഞു ; എന്റെയും പ്രശ്‌നം അതുതന്നെയാണ് . അങ്ങനെ അവർ അബു അയൂബ് അൽ അൻസാരിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു . [മദീനയിൽ നബി [സ ] ഹിജ്റ  വന്നപ്പോൾ ആദ്യമായി നബിയുടെ ഒട്ടകം നിന്ന വീട് അദ്ദേഹത്തിന്റെയായിരുന്നു , അവിടെന്നു നബി [സ] ഭക്ഷണം പാകം ചെയ്‌തു നൽകിയിരുന്നു ബാനു നജ്ജാർ ഗോത്രത്തിൽ പെട്ട ധനികനായിരുന്നു അബു അയ്യുബ്ബ്‌ അൻസാരി ] അങ്ങനെ അവർ അബു അയ്യൂബിന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയായിരുന്നു . ഭാര്യ വിരുന്നുകാരെ വീട്ടിൽ സ്വീകരിച്ചു ഇരുത്തി . അബു അയ്യൂബ് വീട്ടിലേക്ക് വെള്ളം ശേഖരിക്കാൻ പോയിരിക്കുകയാണ് എന്ന് നബി [സ ] യോട് അവർ മറുപടി പറഞ്ഞു . അൽപം കഴിഞ്ഞു അബു അയൂബ് വീട്ടിലേക്ക് മടങ്ങി വന്നു . നബി [സ ] യെയും സഹാബിമാരെയും കണ്ടപ്പോൾ അദ്ദേഹം സന്തോഷിച്ചു . ഏറ്റവും വിശിഷ്ട്ട വിരുന്നുകാർ വന്നു എന്ന് പറഞ്ഞു അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു . അദ്ദേഹം പുറത്തെക്ക്  പോയി തോട്ടത്തിൽ നിന്നും പുതുപുത്തൻ ഈന്തപ്പഴം പറിച്ചു കൊണ്ടുവന്നു .അതിൽ പഴുത്തതും പാകമാക്കാത്തതും ഉണ്ടായിരുന്നു . എല്ലാം നബിയുടെ [സ ] മുന്നിൽ വെച്ചിട്ട് കഴിക്കാൻ ആവശ്യപ്പെട്ടു . ശേഷം ഒരു ചെമ്പരി ആടിനെ അറുത്തു ഭക്ഷണം തയ്യാറാക്കി . അവർ അത് കഴിച്ചു ശേഷം  അബുബക്കർ ഉമർ എന്നിവരെ നോക്കി നബി [സ ] പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം , ഈ അനുഗ്രഹങ്ങളെ കുറിച്ചു നാളെ പരലോകത്തു നമ്മോട് ചോദ്യം ചെയ്യപ്പെടും "
[ മുസ്ലിം 2038 ]

ഈ സംഭവം ചേർത്തു വെച്ചു നമ്മുടെ നോമ്പ് തുറയെ താരതമ്യം ചെയ്യുക . നിങ്ങൾക്ക് സത്യമാർഗം തെളിഞ്ഞു വരും

By ഷാഹിദ് മുവാറ്റുപുഴ

റമദാനിനെ വാണിജ്യവൽക്കരുത്!

👉 വിശുദ്ധ റമദാൻ സമാഗതമാവുകയാണ്.
പുണ്യങ്ങളുടെ പൂക്കാലം!
നന്മയുടെ വസന്തകാലം!
ഭക്ഷണലാളിത്യത്തിന്റെ മാസം!
ആരോഗ്യത്തിന്റെ മാസം!
സഹജീവി സ്നേഹത്തിന്റെ മാസം!
പാപമോചനത്തിന്റെ മാസം!

☝ ഇങ്ങനെ എത്രയെത്ര സുന്ദരവിശേഷണങ്ങളാണ് റമദാനിനോട് നാം ചേർത്തിപ്പറയാറുള്ളത്!! പക്ഷെ ഈ വിശേഷണങ്ങളിൽ ഒന്നിനോട് പോലും നീതി പുലർത്താതെ റമദാൻ ആഘോഷിക്കുന്നവരായി നാം അധ:പതിച്ചിട്ടുണ്ടോ? നെഞ്ചത്ത് കൈ വെച്ച് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക!

👉 പ്രഗത്ഭ മാന്ത്രികൻ മുതുകാട് അദ്ദേഹം കഴിഞ്ഞ വർഷം പങ്കെടുത്ത ഒരു ഇഫ്താർ പാർട്ടിയെ പറ്റി വളരെ വേദനയോടെ പറയുന്നുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും സിനിമാക്കാരും മറ്റും പങ്കെടുത്ത ഒരു ബഡാ ഇഫ്താറിനെപ്പറ്റി.മേശനിറയെ സമൃദ്ധ, വൈവിധ്യ ഭക്ഷണങ്ങൾ നിരത്തി വെച്ച ഇഫ്താർ ! കരിച്ചതും പൊരിച്ചതും എല്ലാം റെഡി! ഇഫ്താറിൽ പങ്കെടുത്ത് പ്രമുഖർ പലരും വേഗം പോയി, തൊട്ടടുത്തുള്ള സ്റ്റാർ ഹോട്ടലിലേക്ക് മറ്റൊരു ഇഫ്താറിൽ പങ്കെടുക്കാൻ! മുതുകാട് പങ്കെടുത്ത ഇഫ്താറുകാരൻ പിറ്റെ ദിവസം പറഞ്ഞുവത്രെ, ഭക്ഷണം ഒരുപാട് ബാക്കിയായി, കാറ്ററിംഗുകാർ വന്ന് അതെല്ലാം കൊണ്ടു പോയി കുഴിച്ചിട്ടു!
പട്ടിണിപ്പാവങ്ങൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ അവർക്ക് വിശപ്പടക്കാൻ സഹായകമാകേണ്ട ഭക്ഷണം പവിത്രമായ ഒരു വ്രതമാസത്തിൽ ഈ വിധം ധൂർത്തടിച്ച് നശിപ്പിക്കുന്നത് കണ്ട് അസ്വസ്ഥതയോടെ ശ്രീ മുതുകാട് നാളെ മുതൽ നോമ്പെടുക്കാൻ കാത്തിരിക്കുന്ന എന്നോടും നിങ്ങളോടും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: *പവിത്രമായ റമദാൻ വ്രത കാലത്തെ ഈ വിധം വാണിജ്യവൽക്കരിച്ചതാരാണ്?*

മുതുകാടിന്റെ ഈ ചോദ്യം റമദാനിന്റെ രാത്രി കാലങ്ങളിൽ ഭക്ഷണ മാമാങ്കത്തിലും ഇഫ്താർ ആഭാസത്തരങ്ങളിലും ഭക്ഷണ ധൂർത്തിലും അഭിരമിച്ചു കഴിഞ്ഞ് റമദാനിനെ അപഹസിക്കുന്ന എല്ലാ മുസ്ലിം നാമധാരിയുടെയും നെഞ്ചിൽ തറക്കേണ്ട ചോദ്യമാണ്.

👉 കഴിഞ്ഞ വർഷം SLRC യുടെ വാർഷിക സംഗമത്തിൽ കെ.എം.ഷാജി എം.എൽ.എ നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണത്തിലും മുസ്ലിം നാമധാരികളുടെ ഭക്ഷണ ധൂർത്തിലൂടെയുള്ള റമദാൻ അവഹേളനത്തെപ്പറ്റി രൂക്ഷമായി സൂചിപ്പിക്കുകയും വിമർശിക്കുകയും ചെയ്തതായി കാണാം. മതപണ്ഡിതന്മാർക്ക് പുറമെയാണ് ഷാജി എം.എൽ.എയും മജീഷ്യൻ മുതുകാടും അവരെപ്പോലെയുള്ള പൊതു കാര്യ പ്രസക്തരും റമദാനിലെ ഭക്ഷണ ധൂർത്തിനെതിരെയും ഇഫ്താർ ആഭാസത്തരങ്ങൾക്കെതിരെയും ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയത് എന്നത് പ്രശ്നത്തിന്റെ ഗൗരവമാണ് കാണിക്കുന്നത്. ആര് പറഞ്ഞാലും ഞങ്ങൾ മാറുകയില്ല എന്ന ധാർഷ്ഠ്യത്തിൽ കഴിയുന്നവരോട് ഒന്നേ പറയാനുള്ളൂ: *ഒരു രാത്രിയിലോ പകലിലോ ശിക്ഷയിറക്കിപാഠം പഠിപ്പിക്കാൻ കഴിയുന്ന സർവശക്തനായ അല്ലാഹു മുകളിലുണ്ടെന്ന്* പവിത്രമായ റമദാനിനെ ഭക്ഷണ ധാരാളിത്തം കൊണ്ട് മലിനമാക്കുന്നവർ ഓർക്കുന്നത് നന്ന്!

✍ വിശുദ്ധ റമദാൻ ഒരു പാഠശാലയാകുന്നു. തിൻ മകളിൽ നിന്ന് എങ്ങനെ അകന്ന് നിൽക്കാം നന്മകൾ എങ്ങനെ സ്വായത്തമാക്കാം എന്ന് പഠിച്ച് പകർത്താൻ കഴിയുന്ന പാഠശാല!
പ്രാവർത്തികമാക്കാൻ കഴിയുന്ന ചില റമദാൻ പാഠങ്ങൾ താഴെ കൊടുക്കുന്നു:

👉 സുബഹി ബാങ്കിന്റെ ഒരു മണിക്കൂർ മുമ്പെങ്കിലും എഴുനേൽക്കുക

👉 എന്നിട്ട് ചെറിയ തോതിൽ അത്താഴം കഴിക്കുക. ഇത് പ്രധാനപ്പെട്ട ഒരു സുന്നത്താണ്.

👉 അത്താഴ ശേഷം സുബഹി നമസ്കാരം വരെ ഖുർആൻ പാരായണത്തിൽ മുഴുകുക.

👉 മറ്റു പ്രയാസങ്ങളില്ലെങ്കിൽ എല്ലാ ദിവസവും സുബഹി നമസ്കാരം തൊട്ടടുത്ത പള്ളിയിലെത്തി ജമാ അത്തായി നിർവഹിക്കുക .

👉 വീട്ടിലാണെങ്കിലും ഷോപ്പിലാണെങ്കിലും ഓഫീസിലാണെങ്കിലും അഞ്ച് നേരത്തെ നമസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധയും
നിഷ്ടയും പുലർത്തുക.

👉ജമാഅത്ത് നമസ്കാരത്തിന് പള്ളിയിൽ പോകാൻ കഴിയുന്നവർ അങ്ങനെ ചെയ്യുക. അല്ലാത്തവർ സൗകര്യമുള്ള സ്ഥലം കണ്ടെത്തി അത് നിർവഹിക്കുക (ഓർക്കുക! മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന സമയം പോലും വേണ്ട അഞ്ചു നേരം നമസ്കരിക്കാൻ! എന്നിട്ടും ദക്ഷണമുപേക്ഷിക്കാത്ത പല മുസ്ലിം നാമധാരികളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അഞ്ചു നേരത്തെ നമസ്കാരം പൂർണമായോ ഭാഗികമായോ ഉപേക്ഷിക്കുന്നു!)

👉 റമദാനിലെ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും പള്ളിയിൽ ചെലവഴിക്കുക. സുന്നത്തു നമസ്കാരം, ഖുർആൻ പാരായണം, ഖുർആൻ പഠനം, മതപഠന ക്ലാസു ശ്രദ്ധിക്കൽ തുടങ്ങിയവയിൽ മുഴുകുക

👉 മഗ്രിബിന്റെ സമയമായാൽ ഉടനെ നോമ്പ് മുറിക്കുക.(സമയമായാൽ ഉടനെ നോമ്പ് മുറിക്കുക എന്നത് വളരെ പ്രബലമായ ഒരു സുന്നത്താണ്.)

👉കാരക്ക / ഈത്തപ്പഴം, പച്ചവെള്ളം എന്നിവ കൊണ്ട് നോമ്പ് മുറിക്കുക (ഇത് പ്രത്യേകം സുന്നത്താണ്. കാരക്ക, ഈത്തപ്പഴം, പച്ചവെള്ളം എന്നിവ ഇല്ലാത്തപ്പോൾ മാത്രമേ മറ്റു പാനീയങ്ങൾ ഉപയോഗിക്കാവൂ)

👉കാരക്ക, ഈത്തപ്പഴം, പച്ചവെള്ളം, പഴവർഗ്ഗങ്ങൾ ലഭ്യമെങ്കിൽ അവ മിത ഹിതരൂപത്തിൽ, അത്യാവശ്യമെങ്കിൽ ഒന്നോരണ്ടോ ചെറിയ കടികൾ ഇത്രയും സംഗതികളിൽ നോമ്പുതുറ ചുരുക്കുക.

👉 രാത്രിയിൽ തറാവീഹിന് പോകുന്നതിന് മുമ്പോ ശേഷമോ ഇഷ്ട കരമായ എന്തെങ്കിലും ദക്ഷണം ലളിതമായി കഴിക്കാം. കഞ്ഞി, തരി ,പഴച്ചാർ, ജൂസ് തുടങ്ങിയവയിൽ ചുരുക്കുകയും ചെയ്യാം.

👉 എന്ത് തന്നെയായാലും രാത്രിയുടെ ഒരു സമയത്തും ആമാശയത്തിൽ സ്ഥലമില്ലാതാകുന്നത് വരെ അമിത ഭക്ഷണം കുത്തി നിറക്കുന്ന രീതി നിർബന്ധമായും അവസാനിപ്പിക്കുക തന്നെ വേണം. കാരണം ഭക്ഷണ ധൂർത്ത് പോലെ തെറ്റായ കാര്യം തന്നെയാണ് അമിതഭക്ഷണം കഴിക്കുന്നതും .

👉 കഴിഞ്ഞ റമദാനിൽ സമ്പത്തിന്റെ സകാത്ത് കൊടുത്തവർ ഈ റമദാനിൻ ഒരു വർഷം പൂർത്തിയായ സ്ഥിതിക്ക് സാമ്പത്തിക കണക്ക് കൂട്ടി സകാത്ത് വിഹിതം ഉത്തരവാദപ്പെട്ട മഹല്ല് കമ്മിറ്റിയെയോ, സകാത്ത് സെൽ സംവിധാനത്തെയോ ഏൽപിക്കുക.

👉 റമദാൻ യാചനയുടെ മാസമല്ല എന്ന് റമദാൻ സ്പെഷൽ യാചകരായി വരുന്നവരെ കഴിയുംവിധം ഉൽബോധിപ്പിക്കുക ( ഇത്തരം റമദാൻ യാചകർക്ക് അവർ 10 രൂപ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ 5 രൂപ മാത്രം കൊടുത്ത് റമദാൻ യാചനയുടെ മാസമായി മാറ്റുന്നതിലുള്ള നമ്മുടെ പ്രതിഷേധം അറിയിക്കുക). യാചനയെ നിരുത്സാഹപ്പെടുത്തിയ മതമാണിസ്ലാം. അതിനാൽ യാചനയെ നിരുത്സാഹപ്പെടുത്തുന്ന പ്രവർത്തനം തന്നെയാണ് നമ്മളിൽ നിന്നും ഉണ്ടാകേണ്ടത്. *പവിത്രമായ സകാത്ത് യാചിക്കാൻ വരുന്നവർക്ക് (അവരിൽ വേഷം മാറിയ  കള്ളുകുടിയന്മാരും തട്ടമിട്ട് വന്ന തട്ടിപ്പുകാരിപ്പെണ്ണ് വരെ ഉണ്ടെന്നത് പരസ്യമായ രഹസ്യം!) ഇത്തരം യാചകർക്ക് എടുത്തു കൊടുക്കുന്ന നാണയത്തുട്ടുകളല്ല ഇസ്ലാമിലെ പവിത്രമായ സകാത്ത് എന്നെങ്കിലും സമുദായമേ മനസ്സിലാക്കുക!*

👉 റമദാനിൽ ഓരോ ദിവസവും ഒരു ഖുർആൻ ആയത്തെങ്കിലും അർഥസഹിതം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യും എന്ന് തിരുമാനിക്കുകയും ഇതിനായി അനുയോജ്യമായ അഞ്ചോ പത്തോ മിനിട്ട് സമയം എല്ലാ ദിവസവും നീക്കിവെക്കുകയും ചെയ്യുക. *(ഖുർആൻ അവതരിപ്പിക്കപ്പെട്ട റമദാനിൽ ഒരു മുപ്പത് ആയത്തെങ്കിലും നാം പഠിക്കുന്നില്ലെങ്കിൽ പിന്നെപ്പഴാണ് പഠിക്കുക?)*

👉രാത്രി നമസ്കാരം എല്ലാ കാലത്തുമുള്ളതാണെങ്കിലും റമദാനിലെ രാത്രി നമസ്കാരത്തിന് (തറാവീഹിന്) പ്രത്യേകം പ്രതിഫലമുണ്ട് എന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധയും നിഷ്ഠയും പുലർത്തുക.(കുറെയധികം റക്അത്ത് അതിവേഗം നമസ്കരിക്കുന്നതിലല്ല, മറിച്ച് ദീർഘനേരം നിന്ന് നമസ്കരിക്കുന്നതിലാണ് ഇതിലെ പ്രവാചക മാതൃക. നബി(സ) 11 റക്അത്ത് മാത്രമേ ഖിയാമുല്ലൈൽ നിർവഹിച്ചുട്ടുള്ളൂ എന്ന് പ്രബലപ്പെട്ട ഹദീസിലുള്ളതിനാൽ നമ്മളും 11റക് അത്ത് തന്നെയാണ് നമസ്കരിക്കേണ്ടത്.)

👉 പ്രാർഥനക്കുത്തരം കിട്ടാൻ ഒട്ടേറെ അനുകൂല സാഹചര്യമുള്ള മാസമാണ് റമദാൻ. നാം അനുഭവിക്കുന്ന വൈയക്തികവും സാമൂഹികവുമായ എല്ലാ പ്രശ്നങ്ങളും പ്രാർഥനയുടെ രൂപത്തിൽ അല്ലാഹുവിലേക്ക് സമർപിക്കേണ്ട മാസമാണിത്.

👉ഒരു ദിനം ഒരു ദുആ !

റമദാനിലെ ഓരോ ദിനവും ഓരോ പ്രാർഥനകൾ പഠിക്കുക. പ്രാർത്ഥിക്കുക

👉 പ്രവാചകന്റെ വാക്കുകൾ അനുസ്മരിപ്പിച്ചു കൊണ്ട് മുസ്ലിം സഹോദരങ്ങളോട് അവരുടെ ഗുണകാംക്ഷിയായ മുതുകാട് പറഞ്ഞത് ഉദ്ധരിക്കെട്ട:

മുസ്ലിം സഹോദരങ്ങളേ, പരിശുദ്ധ റമദാനിനെ നിങ്ങൾ വാണിജ്യവൽക്കരുത്!

വിഭവ സമൃദ്ധമായ ഭക്ഷണം കൊണ്ട് നോമ്പ് തുറക്കുമ്പോൾ ഒരു നിമിഷം മുസ്ലിം സമുദായ മേ ആലോചിക്കുക, തനിക്ക് ചുറ്റും ഈ ലോകത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങൾ നിരവധി ഉണ്ടെന്ന്!!

🌹എല്ലാവർക്കും നന്മ നിറഞ്ഞ റമദാൻ സൗഭാഗ്യത്തിനായി പ്രാർഥിക്കുന്നു🌹

© ശംസുദ്ദീൻ പാലക്കോട്

റമദാനിനെ മൂന്നായി തിരിച്ചിട്ടുണ്ടോ?

റമദാൻ മാസം ആഗതമാകുമ്പോൾ പൊതുവെ നാടുകളിൽ നമസ്കാര സമയവും അതേപോലെ റമദാനിനെ മൂന്നു പത്തായി തിരിച്ചിട്ടുണ്ടെന്നും അതിൽ പ്രത്യേകം പ്രാര്ഥനയുണ്ടെന്നും പറഞ്ഞു കാർഡുകൾ വിതരണം ചെയ്തുവരുന്നുണ്ട് . അതേപോലെ പള്ളികളിൽ നമസ്ക്കാരാനന്തരം ഓരോ പത്തിലും പ്രത്യേക പ്രാർത്ഥനയും ചൊല്ലാറുണ്ട് . ഇസ്‌ലാമിക പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതല്ല  ഈ സമ്പ്രദായം? ഇതിനെ കുറിച്ചു രേഖപ്പെട്ടുകിടക്കുന്ന ഹദീസ്  പ്രാമാണികവുമല്ല .ദുർബല ഹദീസുകളുടെ സ്വാധീനം ഇസ്ലാമിക സമൂഹത്തിൽ നന്നേ ഉണ്ടെന്നുള്ളതിനുള്ള ഒരു തെളിവും കൂടിയാണ് ഈ സമ്പ്രദായം.


സൽമാൻ (റ) നിന്നും ശഅബാനിന്റെ അവസാനത്തിൽ നബി (സ) ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു : "ജനങ്ങളെ അനുഗ്രഹീതമായ ഒരു മാസം നിങ്ങൾക് സമാഗതമാകുന്നു , ആ മാസത്തിലാണ് ലൈലത്തുൽ ഖദർ ഉള്ളത് അത് ആയിരം മാസത്തേക്കാൾ ശ്രേഷ്ട്ടമായതാണ് ...................................ഈ മാസത്തിന്റെ  ആദ്യഭാഗം കാരുണ്യത്തിന്റെയും മധ്യഭാഗം പൊറുക്കലിനെ തേടലും അവസാനം നരകത്തിൽ നിന്നും മോചനം നേടുന്നതിനുമുള്ളതാണ്" [ ഇബ്ൻ ഖുസൈമ 1887 , ബൈഹഖി ശുഅബുൽ ഈമാൻ 7/ 216 , മുൻദിരീ 2/ 95 ].

പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്യുന്ന അലിയ്യിബ്നു സൈദിബ്‌നു  ജൂദ്ആൻ സ്വീകാര്യനല്ല. ഇമാം ഇബ്ൻ സഅദ്  പറഞ്ഞു : "ഇയാൾ ദുർബലനാണ് തെളിവിനു കൊള്ളുകില്ല". ഇമാം അഹമ്മദും , ഇമാം നസായിയും , ഇബ്ൻ മുഈനും ,ഇബ്ൻ ഖുസൈമയും , ജൗസിജാനിയും മറ്റുള്ളവരും ഇദ്ദേഹം ദുര്ബലനാണെന്ന് പറഞ്ഞു.
[സിയാർ - ദഹബി 5/ 207 ]. ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബലനാണ്. അബൂ സുർ അത്ത് പറഞ്ഞു : ഇയാൾ പ്രബലനല്ല. [തഹ്ദീബ് അൽ കമാൽ 4070].

അത്യന്തം ദുർബലമായ ഹദീസാണിത്.അതിനാൽ അത് തെളിവിനു കൊള്ളുകില്ല. പൂർവികരായ മുഹദ്ദിസുകൾ തന്നെ കാര്യം വ്യക്തമാക്കിയതുമാണ്. ഇമാം ഇബ്ൻ ഹജർ അസ്‌കലാനി പറയുന്നു :  "ഇബ്ൻ ഖുസൈമ ഉദ്ധരിച്ച ആ ഹദീസ് ദുർബലമാണ്"[ തൽഖീസ് 3/ 1121 ]. ഈ ഹദീസ് ഇമാം ഉഖൈലി തന്റെ ദുഅഫാഉൽ കബീറിൽ കൊടുക്കുന്നു (2/ 162).

പക്ഷെ ഈ കാര്യം മുസ്ലീങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ട് . അവർ റമദാനിനെ മൂന്നു പത്തായി തിരിച്ചു പ്രത്യേകം നബിചര്യയിലില്ലാത്ത ചില ചടങ്ങുകളൊക്കെ നടത്തുകയും ചെയ്യുന്നു. അതുപോലെ ചില പ്രത്യേക ദുആകളും ചൊല്ലുന്നു . യഥാർത്ഥത്തിൽ മുഹമ്മദ് നബി [സ] കൊണ്ടുവന്ന മതത്തിൽ ഇതെല്ലാമുണ്ട്‌ എന്ന ധാരണയിൽ പാമര ജനങ്ങൾ ഇതൊക്കെ അനുഷ്ഠിക്കുന്നു. റമദാൻ മുഴുവനും പൊറുക്കലിനെ തേടാനും കാരുണ്യം പ്രതീക്ഷിക്കാനും നരകമോചനത്തിനും വേണ്ടിയുള്ളതാണ്. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവിൽ എന്ത് പ്രാർത്ഥന ചൊല്ലണം എന്ന് നബിയോട് ചോദിച്ചപ്പോൾ നബി (സ) പഠിപ്പിച്ച ഒരു പ്രാർത്ഥന സ്വഹീഹായി വന്നിട്ടുണ്ട് .
حَدَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا وَكِيعٌ، عَنْ كَهْمَسِ بْنِ الْحَسَنِ، عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ ‏ "‏ تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏"

"അല്ലാഹുവെ നീയാണ് പൊറുത്തു തരുന്നവൻ പൊറുത്തു തരുന്നതിനെ നീ ഇഷ്ട്ടപെടുന്നു അതിനാൽ നീ എനിക്ക് പൊറുത്തു തരണേ"
[ ഇബ്ൻ മാജ 3850 ,തിര്മുദി 3513 ]

അതിനാൽ  റസൂൽ [സ]ക്ക്  അന്യമായ കാര്യങ്ങൾ മതമായി വിശ്വസിക്കുന്നത്  ഒരു സത്യവിശ്വാസിക്ക് ചേർന്നതല്ല. അതുകൊണ്ട് അത്തരം ബിദ്അത്തുകളിൽ നിന്നും വിട്ടുനിൽക്കലാണ് വിശ്വാസിക്ക്  ഉത്തമം .

by ശാഹിദ്‌ മൂവാറ്റുപുഴ

ആത്മശുദ്ധീകരണത്തിന്റെ വസന്തോൽസവം

വിശുദ്ധ റമസാൻ വീണ്ടും സമാഗതമായി. ആത്മവിശുദ്ധിയുടെയും സൽസ്വഭാവത്തിന്റെയും സമുന്നതങ്ങളായ അധ്യാപനങ്ങളുമായാണു റമസാൻ വന്നെത്തുന്നത്. ആരാധന എന്നതിനെക്കാളുപരി മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പരിശീലനമാണു വ്രതം.

മനസ്സിലെ അഴുക്കുകൾ കഴുകിക്കളഞ്ഞു ശുദ്ധിവരുത്താനുള്ള വലിയ അവസരമാണിത്. ഭൗതിക താൽപര്യങ്ങളെ അതിജീവിക്കാവുന്ന വിധം ആത്മാവിനെയും മനസ്സിനെയും വളർത്തിയെടുക്കാനുള്ള ശക്തിയുണ്ട് വ്രതാനുഷ്ഠാനത്തിന്. എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്.

‘സത്യവിശ്വാസികളേ, നിങ്ങൾക്കു മുൻപുള്ളവർക്കു വ്രതാനുഷ്ഠാനം നിയമമാക്കിയ പോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിയമമാക്കിയിരിക്കുന്നു; നിങ്ങൾ സൂക്ഷ്മശാലികളായി ജീവിക്കാൻ’(2:183) എന്നു ഖുർആൻ പ്രസ്താവിക്കുന്നു.

ഹൈന്ദവ, ക്രൈസ്തവ, ജൂത സമൂഹങ്ങൾക്കെല്ലാം വ്രതാനുഷ്ഠാനങ്ങൾ ഉണ്ട്–അവയുടെ സമയവും രീതിയും വ്യത്യസ്തമാണെങ്കിലും. വ്രതം (നോമ്പ്) എന്നത് എല്ലാവരും ആഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യമാണ്.

വ്രതം മനുഷ്യജീവിതത്തെ വലിയ പരിവർത്തനങ്ങൾക്കു വിധേയമാക്കും. വ്രതം നിയന്ത്രണം പരിശീലിപ്പിക്കും. അനിയന്ത്രിതമായി ജീവിച്ചുപോരുന്ന, ഇഷ്ടപ്പെട്ടതെല്ലാം ഏതുനേരത്തും ഭക്ഷിക്കുകയും തോന്നിയതെല്ലാം പറയുകയും ചെയ്യുന്ന ആളുകൾക്ക് സമ്പൂർണമായ ഒരു നിയന്ത്രണം വരുത്താൻ നോമ്പിനു കഴിയും. സൗമ് എന്നാണു നോമ്പിന് അറബി ഭാഷയിൽ പ്രയോഗത്തിലുള്ള പദം. അടങ്ങുക, ഒതുങ്ങുക എന്നെല്ലാമാണ് അതിനർഥം.

ജീവിതത്തിൽ അച്ചടക്കവും ഒതുക്കവും വരുത്താൻ വ്രതം കൊണ്ടു സാധ്യമാകണം എന്നാണ് അതിന്റെ താൽപര്യം. റമസാൻ മാസത്തിലാണു മുസ്‌ലിംകൾ നിർബന്ധമായും വ്രതമനുഷ്ഠിക്കേണ്ടത്. ഐച്ഛികമായ വ്രതം വേറെയുമുണ്ട്. ഉണ്മപ്രഭാതം മുതൽ സൂര്യാസ്തമയം വരെയുള്ള പകൽ നേരമാണു വ്രതത്തിന്റെ സമയം. ഈ സമയത്ത് അന്നപാനീയങ്ങൾ പാടേ ഉപേക്ഷിക്കണം.

നാവിനെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും സൂക്ഷ്മതയോടെ ജീവിക്കുകയും വേണം. മനുഷ്യ മനസ്സിൽ ദൈവഭയവും സൂക്ഷ്മതയും വർധിപ്പിക്കാനും ജീവിതവിശുദ്ധി കൈവരിക്കാനുമുള്ള പ്രായോഗിക പരിശീലനമാണു വ്രതം. ആത്മീയവും മാനസികവും ശാരീരികവുമായ വൻനേട്ടങ്ങൾ അതുമുഖേന സിദ്ധിക്കാനുണ്ട്.

ശരീരേച്ഛയ്ക്കടിമപ്പെട്ടു ജീവിക്കുന്നതിലൂടെയാണു പാപങ്ങൾ ഉണ്ടായിത്തീരുന്നത്. ആ ശരീരേച്ഛയെ കടിഞ്ഞാണിടാനും നിയന്ത്രണവിധേയമാക്കാനുമുള്ള കഴിവുനേടുക എന്നതാണു വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾക്കുണ്ടാകുന്ന പ്രധാനനേട്ടം.

വിശപ്പിന്റെ വിളിയെത്തുമ്പോൾ കയ്യിൽ കിട്ടുന്നതെന്തും ഭക്ഷിക്കാനാണു മനുഷ്യർ ശ്രമിക്കാറുള്ളത്. എന്നാൽ എത്രനല്ല ഭക്ഷണമായാലും വിശപ്പുള്ള സമയത്ത് മറ്റാരും കാണാനില്ലാത്ത സാഹചര്യത്തിൽ പോലും നോമ്പുകാരൻ ഭക്ഷിക്കാറില്ലല്ലോ. എന്ത് കഴിക്കാമെന്നും എന്ത് സംസാരിക്കാമെന്നുമെല്ലാമുള്ളതിന് അല്ലാഹു ഏർപ്പെടുത്തിയ നിയന്ത്രണം അവൻ ശീലിക്കുന്നു എന്നതിന്റെ സൂചനയാണത്.

അടുത്ത ഒരു റമസാൻ കാലം വരെ ധർമനിഷ്ഠയുള്ള ജീവിതം നയിക്കാനുള്ള ഊർജം ഈ റമസാൻ കൊണ്ടു ലഭിക്കണം. ആവർത്തിച്ചു വരുന്ന ആരാധനാകർമങ്ങൾ മനുഷ്യനെ സമൂല പരിവർത്തനത്തിനു വിധേയനാക്കും. വ്രതത്തിന്റെ ഫലമായി പറഞ്ഞ ‘നിങ്ങൾ സൂക്ഷ്മശാലികളായി ജീവിക്കാൻ’ എന്നത് ഈ ലോകത്തു തന്നെ നമുക്ക് അനുഭവിക്കാൻ സാധിക്കും.

എല്ലാ ആരാധനകളുടെയും ആത്യന്തികമായ ലക്ഷ്യം ദൈവത്തിൽ നിന്നുള്ള പ്രതിഫലമാണ്. അതു പക്ഷേ, പരലോകത്താണ്. എന്നാൽ, എല്ലാ ആരാധനകൾക്കും സാമൂഹികമായ ഫലവും പരിവർത്തനവുമുണ്ട്. സൂക്ഷ്മശാലികളായി ജീവിക്കുക എന്നത് അത്തരത്തിലുള്ള ഒരു ഫലമാണ്.

വ്രതമനുഷ്ഠിച്ച മനുഷ്യനെ ആരെങ്കിലും ഉപദ്രവിക്കുകയോ ചീത്തപറയുകയോ ആണെങ്കിൽ പോലും അതുപോലെ തിരിച്ചു പറയുകയോ പ്രവർത്തിക്കുകയോ ചെയ്തു കൂടാ എന്നാണു പ്രവാചകാധ്യാപനം. ‘ഞാൻ നോമ്പുകാരനാണ്’ എന്ന മറുപടിയിൽ പ്രതികരണം ഒതുക്കാനാണു പ്രവാചകനിർദേശം. അതിൽ എല്ലാമുണ്ട്.

താങ്കൾ എന്തുതന്നെ ചെയ്താലും അതേ പോലെ പ്രതികരിക്കാൻ ഈ നോമ്പുനേരത്ത് നിവൃത്തിയില്ല എന്ന സൂചനയാണത്. വിട്ടുവീഴ്ചയും ക്ഷമയും പരിശീലിക്കപ്പെടുകയാണിവിടെ.

ശരീരവും മനസ്സും ചേർന്നതാണു മനുഷ്യൻ. ഏതെങ്കിലും ഒന്ന് മാത്രമായി നിലനിൽക്കില്ല. അവ പരസ്പര പൂരകങ്ങളാണ്. മനസ്സ് ശുദ്ധമാകുന്തോറും അതിന്റെ സ്വാധീനം പ്രവൃത്തിയിലും അവന്റെ ശരീരത്തിലും കാണാനാകും. മനസ്സിനെ കൂടുതലായി നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്നവർക്കാണു കൂടുതലായി വിശുദ്ധി കൈവരിക്കാനാവുക.

പട്ടിണി കൊണ്ടും സാമ്പത്തിക ഞെരുക്കങ്ങൾ കൊണ്ടും കഷ്ടതയനുഭവിക്കുന്ന പാവങ്ങൾ ഏറെയുണ്ട്. ഇവരുടെ കഷ്ടതകൾ പറഞ്ഞറിയുന്നതിനപ്പുറം അനുഭവിച്ചു മനസ്സിലാക്കാൻ വ്രതാനുഷ്ഠാനം കൊണ്ടു സാധിക്കും. വിശപ്പും ദാഹവും ക്ഷീണവുമെല്ലാം ഒരു നോമ്പുകാരന് അനുഭവിച്ചറിയാൻ കഴിയും.

തന്റെ ചുറ്റുപാടുമുള്ളവരുടെ പ്രയാസങ്ങളെ അനുഭവിച്ചു മനസ്സിലാക്കാൻ കഴിയുന്നു എന്നത് നോമ്പിന്റെ ഒരു സാമൂഹികവശമാണ്. ഈ അറിവ് മുന്നോട്ടുള്ള ജീവിതത്തിൽ വലിയ പരിവർത്തന ചിന്തയായി മാറേണ്ടതുണ്ട്.

by ഡോ. ഹുസൈൻ മടവൂർ

© manoramaonline