വ്രതത്തെ അറിഞ്ഞനുഭവിക്കുക


പിടിച്ചുവെക്കല്‍, നിര്‍ത്തിവെക്കല്‍, നിശബ്ദത എന്നെല്ലാമാണ് 'സ്വൌം' എന്ന വാക്കിനു പ്രസിദ്ധ അറബിഭാഷാ ശാസ്ത്രജ്ഞനായ അല്‍ഖലീലുബ്നു അഹമദ് അര്‍ത്ഥകല്പന നല്‍കിയിരിക്കുന്നത്.

കാറ്റിന്‍റെ നിശബ്ദാവസ്ഥക്ക് 'സ്വൌമുര്റിയാഹ്' എന്നും പകലിന്‍റെ നിഴലാട്ടമില്ലാത്ത നട്ടുച്ചയുടെ അതിസങ്കീര്‍ണ്ണമായ നിശ്ചലതക്ക് 'സ്വൌമുന്നഹാര്‍' എന്നും പ്രയോഗിച്ചു വന്നിരുന്നു. കന്നുകാലികള്‍ അയവിറക്കാതെ പുല്ലുതിന്നാതെ നിശബ്ദമായി നില്‍ക്കുമ്പോഴും ഇതേ പദമാണ് അറബികള്‍ പ്രയോഗിച്ചിരുന്നത്. സംസാരം വെടിഞ്ഞു മൌനിയാകുമ്പോഴും ഇതേ പദം തന്നെ ഉപയോഗിച്ചിരുന്നു.

അബൂ ഉബൈദ പറയുന്നു : ഭക്ഷണം, സംസാരം, വിചാരം, വികാരം, ചലനം ഇവയെ പിടിച്ചടക്കി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുന്ന നിഷ്ടാവിശേഷമാണ് വ്രതം.

ഏകദേശം ഇതേ അര്‍ത്ഥകല്പനയാണ് മലയാള ഭാഷാപണ്ഡിതന്മാരും വ്രതത്തിന് നല്‍കിയിരിക്കുന്നത്. "ശരീരം, വാക്ക്, മനസ്സ് എന്നീ ത്രിവിധ കാരണങ്ങളെക്കൊണ്ടുള്ളതും അനന്യപരമായ സേവയോടു കൂടിയതുമായ നിഷ്ഠ." (ശബ്ദ താരാവലി)

പ്രവാചക(സ) ന്‍റെ വ്രതാനുഷ്ടാനരീതി പരിശോദിച്ചാല്‍ ഈ അര്‍ത്ഥതലങ്ങളെല്ലാം അതിലന്തര്‍ലീനമായിരിക്കുന്നു എന്ന് കാണാം. അതിന്‍റെ ആദ്യനാളുകള്‍ അന്നപാനാദികളില്‍ നിന്നും മറ്റു ജഡികവികാരങ്ങളില്‍ നിന്നും മുക്തമാണെങ്കില്‍ അതിലെ അന്ത്യദിനങ്ങള്‍ (അവസാന പത്തുകള്‍) പരിപൂര്‍ണ്ണമായും ഒരു ജീവിതനിശബ്ദതക്ക് വിധേയമായിരുന്നു. എങ്കില്‍ അല്ലാഹു വ്രതത്തിന് തെരഞ്ഞെടുത്ത 'സ്വൌം' എന്ന വാക്പ്രയോഗം എത്ര അര്‍ത്ഥവത്താണ്!

നോമ്പുകാര്‍ എന്ന നിലയില്‍ നമുക്കും ഈ നിശബ്തത അനുഭവിക്കേണ്ടതായുണ്ട്. അത് ആമാശയത്തിന്റെ നിശബ്ദതയില്‍നിന്ന് തുടങ്ങി ദുര്‍വിചാര വികാരങ്ങളുടെ നിശ്ചലതയായി വാക്കിനും നാക്കിനും കണ്ണിനും കാതിനും സര്‍വോപരി നമ്മുടെ മനസ്സുകള്‍ക്കും അതനുഭവപ്പെടണം. ഇതിലൂടെ നാം എത്തിച്ചേരുന്ന ജീവിത സൂക്ഷ്മതക്കാണ് ഒരുവേള 'തഖ്'വാ' എന്ന് പറയുന്നത്.

അത്കൊണ്ടായിരിക്കാം വ്രതത്തെ വ്യാഖ്യാനിച്ച, വിശദീകരിച്ച പ്രവാചകന്‍ (സ) അതിന്‍റെ സൂക്ഷ്മതലങ്ങളെക്കുറിച്ചു ഇപ്രകാരം നമ്മെ ഉണര്‍ത്തിയത്: അബൂ ഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു : "വ്രതമെന്നാല്‍ അന്നപാനാദികളെ വെടിയലല്ല, നിശ്ചയമായും വ്രതമെന്നാല്‍ വൃത്തികേടുകളില്‍ നിന്നും വിനോദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കലാണ്. നിന്നോടാരെങ്കിലും നെറികേട് കാണിക്കുകയോ സഭ്യേതരമായി പെരുമാറുകയോ ചെയ്‌താല്‍ 'ഞാന്‍ നോമ്പ്കാരനാണ്' എന്ന് നീ പറയണം." [ഹാക്കിം, ഇബ്നു ഹിബ്ബാന്‍]

"ആരെങ്കിലും കള്ളവാക്കും തത്തുല്യമായ പ്രവര്‍ത്തനവും വെടിയുന്നില്ലെങ്കില്‍ അവന്‍ അന്നപാനാദികളെ വെടിയുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍പ്പര്യവുമില്ല." [ബുഖാരി]

"എത്ര നോമ്പുകാരുണ്ട്! വിശപ്പല്ലാതെ അവരുടെ വ്രതത്തില്‍നിന്നും അവര്‍ക്ക് മറ്റൊന്നുമില്ല." [ഹാക്കിം, നാസാഈ]

സത്യത്തില്‍, ജീവിത നിശബ്ദതക്കാവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണിവ. വ്രതനാളുകളില്‍ ബഹളം വെച്ചുകൂടാ. അവിവേകം പ്രവര്‍ത്തിച്ചുകൂടാ. സഭ്യത നഷ്ടപ്പെടാവതല്ല. തികഞ്ഞ സംയമനം അനിവാര്യമത്രെ. എങ്കില്‍ അതാണ്‌ വ്രതം.

വ്രതവിജയം ഈ അകക്കാമ്പുകളില്‍ കുടികൊള്ളുകയാണ്. അതിനെ അറിഞ്ഞനുഭവിക്കാന്‍ നമുക്ക് സാധിക്കണം. ശരീരമനസ്സുകളെ പാകപ്പെടുത്തുന്ന ഈ നിഷ്ടാവിശേഷം എത്ര അനുഗ്രഹീതമാണ്. അല്ലാഹുവിനു സര്‍വ്വസ്തുതിയും. അവന്‍ അനുഗ്രഹിക്കട്ടെ.

by സഈദ് ഫാറൂഖി