അതിഥിയെ സ്വീകരിക്കാന്‍ തയ്യാറാവുക


സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കാല ചക്രത്തിന്‍റെ  കറക്കം നമുക്ക്‌ വിചാരിക്കാന്‍ കഴിയുന്നതിലപ്പുറം വേഗത്തിലാണ്. ഇന്നലെ നാം യാത്രയാക്കിയ ഒരു അതിഥി വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നു. പരിശുദ്ധ റമദാനാകുന്ന ആ അതിഥിയെ സ്വീകരിക്കാന്‍ മാനസികമായി നാം തയ്യാറാവേണ്ടിയിരിക്കുന്നു. ആ അതിഥി വരുന്നതെന്തിനെന്നു നമുക്കറിയാം.

നബി(സ) പഠിപ്പിച്ചു.. "നിങ്ങള്‍ മഹാപാപങ്ങളില്‍ നിന്ന് ഒഴിവായി നില്കുകയാണെങ്കില്‍ ഒരു നമസ്കാരം മുതല്‍ അടുത്ത നമസ്കാരം വരെയും, ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെയും, ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയുമുള്ള പാപങ്ങളെ അല്ലാഹു പൊറുത്തുതരും".

അല്ലാഹുവിന്‍റെ സന്നിധിയിലേക്കുള്ള മടക്കം എപ്പോഴാണെന്ന് നമുക്കറിയില്ല. കഴിഞ്ഞ റമദാനിനു മുമ്പ്‌ നാം കണ്ടവര്‍ നമ്മോടോപ്പമിരുന്നവര്‍, നാം സ്നേഹിച്ചവര്‍, ബഹുമാനിച്ചവര്‍, പലരും ഇപ്പോള്‍ കൂടെയില്ല. ആ അനിവാര്യമായ മടക്കത്തില്‍ അല്ലാഹുവിനെ നിഷ്കളങ്ക മനസ്സോടെ അഭിമുഖീകരിക്കാന്‍ അല്ലാഹു നമുക്കൊരുക്കിയ സമ്മാനമാണ് വിശുദ്ധ റമദാന്‍. ഹൃദയത്തില്‍ മുഴുവന്‍ സംതൃപ്തിയോടെ സന്തോഷത്തോടെ ആ റമദാനിനെ വരവേല്‍ക്കുക. ജീവിതത്തിന്‍റെ പതിവ് രീതികളില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി വെച്ച് ഒരു റമദാന്‍ കൂടി സാക്ഷിയാവാന്‍ കഴിയുന്നതിലുള്ള സന്തോഷത്തോടെ റമദാനിനെ സീകരിക്കുക.. 

ഇപ്രകാരം ഒരു റമദാന്‍ പടിവാതില്‍ക്കല്‍  എത്തി നിന്ന സമയത്ത് നബി (സ) സഹാബത്തിനെ പഠിപ്പിച്ചു : "ഇതാ നിങ്ങള്‍ക്ക് റമദാന്‍ വന്നെത്തിയിരിക്കുന്നു. അനുഗ്രഹീതമായ റമദാന്‍ മാസം, നരകകവാടങ്ങള്‍ അടച്ചിട്ട് സ്വര്‍ഗകവാടങ്ങള്‍ തുറന്നിട്ട മാസം. പാപമോചനത്തിന്‍റെ  മാസം. ഇതിലപ്പുറം സന്തോഷിക്കാനും ആശംസകള്‍ കൈമാറാനും റമദാനിനോളം  മറ്റൊന്നും നിങ്ങള്‍ക്കില്ല. ഈ മാസത്തില്‍ നിങ്ങള്‍ക്കല്ലാഹു നോമ്പ്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു. ആകാശത്തിന്‍റെ വാതിലുകള്‍ മലക്കെ തുറന്നിട്ടിരിക്കുന്നു. അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്നു. നരകവാതിലുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു..പിശാചുക്കള്‍ ചങ്ങലക്കിടപ്പെട്ടിരിക്കുന്നു". ഒരു സെക്കന്‍ഡ്‌ പോലും പാഴാക്കാതെ ഒരു തിന്മയിലും ഏര്‍പ്പെടാതെ ഖുര്‍ആനുമായി ജീവിക്കുക. നബി(സ) പഠിപ്പിച്ചു തന്ന ഈ സന്തോഷത്തില്‍ പങ്കെടുക്കുക.. 

ഒന്നാമതായി നാം ചെയ്യേണ്ടത്‌ അല്ലാഹുവുമായുള്ള ബന്ധം നന്നാക്കിയെടുക്കണം. പശ്ചാതപിക്കണം. രഹസ്യമായി നാം ചെയ്തു കൂടിയ തിന്മകളെ അതേ രഹസ്യത്തോടെ അല്ലാഹുവോട്‌ എറ്റുപറഞ്ഞു മടങ്ങുകയും ചെയ്യുക... 

രണ്ടാമതായി, നമ്മുടെ ഉറ്റവരോടും സ്നേഹിതരോടും നാം ചെയ്തുപോയ തിന്മകളെ അവരോടു ഏറ്റുപറയുകയും പൊറുത്ത് തരാന്‍ ആവശ്യപ്പെടുകയും ചെയ്യുക..ഈ വിശുദ്ധ മാസത്തിന്‍റെ  തുടക്കത്തില്‍ സഹോദരാ നീ എന്നോടു ക്ഷമിച്ചില്ലെങ്കില്‍ അല്ലാഹു എന്നോട് ക്ഷമിക്കില്ല എന്ന് അവനോട് പറയാന്‍ നമുക്ക്‌ കഴിയണം. നമ്മുടെ അഹങ്കാരം അതിനു നമ്മെ തടസ്സപെടുത്തരുത്.

നബി പറഞ്ഞില്ലേ? : "അല്ലാഹുവിനു വേണ്ടി നിങ്ങള്‍ വിനയം കാണിക്കുക..സീകരിക്കും". .അള്ളാഹു പഠിപ്പിച്ചില്ലേ. ."അല്ലാഹുവിന്‍റെ കാരുണ്യത്തെക്കുറിച്ച് നിരാശരാകരുത്". അത്കൊണ്ട് അവരെ കണ്ടു പൊറുപ്പിക്കുക.

മൂന്നാമതായി നിഷ്കളങ്കതയാണ്. 

കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉള്ള ആത്മാര്‍ഥത. അല്ലാഹുവിനു വേണ്ടിയുള്ളതാണ് കര്‍മ്മം എന്ന ബോധം. തഖ'വയോടെയുള്ള പ്രവര്‍ത്തനം. നബി(സ) പറഞ്ഞു "നിഷ്കളങ്കതയോടെയും അല്ലാഹുവിന്‍റെ  പ്രീതി ഉദ്ദേശിച്ചും അല്ലാതെയുള്ള യാതൊന്നും അവന്‍ സീകരിക്കുകയില്ല". .മനസ്സ് കൊണ്ട് നാം മാറണം...ആ ഉദ്ദേശത്തിന് പോലും പ്രതിഫലം നിശ്ചയിച്ച മതമാണ്‌ ഇസ്‌ലാം. അത് ആത്മാര്‍ഥതക്കുള്ള പ്രതിഫലമാണ്. ഈ ആത്മാര്‍ഥത ജീവിതത്തിലുടനീളം സൂക്ഷിക്കുക. നോമ്പ്‌ കാണിക്കാനുള്ളതല്ല . അല്ലാഹു പറഞ്ഞു "മനുഷ്യന്‍റെ എല്ലാ കര്‍മ്മവും അവനുള്ളത് തന്നെയാണ്; എന്നാല്‍ നോമ്പ്‌ അതെനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നല്‍കുക".  അല്ലാഹു തന്‍റെതെന്നു പഠിപ്പിച്ച കര്‍മ്മം. നബി (സ) പറഞ്ഞു : "നോമ്പ്‌ ഒരു പരിചയാണ്". അതെ, നരകത്തില്‍ നിന്ന്, തിന്മയില്‍ നിന്ന്, അങ്ങനെ പലതില്‍ നിന്നും ഉള്ള പരിച. "നോമ്പ്‌ കാരനായി തോന്യാസം പറയരുത്, ചീത്ത കാര്യങ്ങള്‍ ചെയ്യരുത്‌, പോരിനു വരുന്നവനോട് 'ഞാന്‍ നോമ്പ്‌കാരനാണെന്നു' പറയണം". "മുഹമ്മദിന്‍റെ  ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം; നോമ്പുകാരന്‍റെ വായ്‌നാറ്റം അല്ലാഹുവിന്‍റെ  അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്". "നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ്‌ തുറന്നാലുള്ള സന്തോഷം (ദാഹം നീങ്ങി, വറ്റി വരണ്ട നിരമ്പുകള്‍ ശക്തിപ്പെട്ടു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലവും കിട്ടി). അല്ലാഹുവിനെ കണ്ടു മുട്ടുമ്പോഴുള്ള സന്തോഷം. അന്ന് നോമ്പ്കാര്‍ക്ക് മാത്രമായ ഒരു വാതില്‍. അതിലൂടെ സ്വര്‍ഗത്തില്‍. മാഷാ അല്ലാഹ്! ആ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ, ആമീന്‍.

നാലാമതായി, സംശുദ്ധമായ മനസ്സാണ്.

ഹൃദയതിലേക്ക് ചൂണ്ടി മൂന്നു പ്രാവശ്യം നബി പറഞ്ഞു.. "ഇവിടെയാണ്‌ തഖ്‌വ" . ആ മനസ്സ്‌ ശുദ്ധമാകണം. അല്ലാതെ പട്ടിണി കിടന്നിട്ട് കാര്യമില്ല. ആരോടും വെറുപ്പില്ലത്തവര്‍, പകയില്ലാത്തവര്‍, സന്മനസ്സുള്ളവര്‍. മനസ്സിനെ പിടിച്ചു കെട്ടാന്‍ കഴിയണം. അതാണ്‌ നോമ്പ്‌. കണ്ണിനെ നിയന്ത്രിക്കണം. കാണാന്‍ പാടില്ലാത്തത് കാണരുത്. കണ്ണ് നൊമ്പെടുക്കട്ടെ. ചാനലുകള്‍ തിരിച്ചു വെച്ചത് നമ്മുടെ മുഖത്തേക്കാണ്. അശ്ലീലങ്ങള്‍ പാടില്ല. "നിങ്ങള്‍ നോമ്പുകാരനാണ്". മഹാന്മാരായ പണ്ഡിതന്മാര്‍ ഈ മാസത്തില്‍ പരിപൂര്‍ണ്ണമായി ഖുര്‍ആനുമായി ജീവിച്ചവരാണ്. കാത് നോമ്പെടുക്കണം. ചെവിയില്‍ നാം പലതും തിരുകിവെച്ചാണ് നടപ്പ്‌. കേള്‍ക്കുന്നത് പലതുമാകരുത്‌. കേള്‍വി നല്‍കിയ അല്ലാഹു അനുവദിച്ചതേ  കേള്‍ക്കാവൂ. നമ്മുടെ ആമാശയങ്ങള്‍ മാത്രം നോമ്പെടുക്കുന്ന അവസ്ഥയില്‍ നിന്ന് മാറി ശരീരം മുഴുവന്‍ നോമ്പെടുക്കണം. ഭക്ഷണം നിയന്ത്രിക്കണം. ആവശ്യത്തിന് മാത്രം. അമിതമാവരുത്‌. അങ്ങനെ അല്ലാഹുവിന് ഇഷ്ടമുള്ള കര്‍മ്മങ്ങള്‍ മാത്രം ചെയ്യുക.. 

അങ്ങനെയുള്ള ഒരു റമദാനിനു സാക്ഷിയായി വിജയം വരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ.

by  നിയാസ് മുഹമ്മദ്