ബദ്‌ര്‍ ചരിത്രവും വ്യതിയാനവും


ഹിജ്‌റ വര്‍ഷം രണ്ട്‌ റമദാന്‍ 17 ഇസ്‌ലാമിക ചരിത്രത്തിലെ ജാജ്ജ്വല്യമാനമായ ഒരു വഴിത്തിരിവാണ്‌. സത്യവും അസത്യവും മുഖാമുഖം നിന്ന്‌ പോരാടി സത്യത്തിന്റെ വിജയം ലോകം കണ്‍കുളിര്‍ക്കെ കണ്ട്‌ ബോധ്യപ്പെട്ട ബദ്‌ര്‍ ദിനമായിരുന്നു അന്ന്‌. ദൈവവിശ്വാസത്തെ ബഹുദൈവ വിശ്വാസത്തിന്റെയും മതകീയ സദാചാരത്തെ പാരമ്പര്യ ദുരാചാരങ്ങളുടെയും ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ച അധര്‍മത്തിനെതിരെ പ്രബോധനം നടത്തിയതിന്റെ പേരില്‍ പ്രവാചകനും സഹചാരികള്‍ക്കും സ്വന്തം നാടും വീടും വിട്ട്‌ മദീനയില്‍ അഭയം തേടേണ്ടി വന്നു. മദീനയില്‍ അഭയംതേടിയ മുസ്‌ലിംകളാണ്‌ തങ്ങളെ സര്‍വായുധസജ്ജരായി വര്‍ധിതമായ അംഗബലത്തോടെ നേരിട്ട്‌ നശിപ്പിക്കാന്‍ വന്ന ഖുൈറശിപ്പടയെ ബദ്‌റില്‍ നേരിടാന്‍ നിര്‍ബന്ധിതമായത്‌. 


പൊരുതി മരിക്കുക എന്നതല്ലാതെ മുസ്‌ലിംകളുടെ മുമ്പില്‍ പ്രത്യക്ഷത്തില്‍ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. തന്റെ കൂടെയുള്ള `സാധുക്കളായ' മുന്നൂറ്റി പതിമൂന്ന്‌ സ്വഹാബികളെയും ഈ കൊച്ചു സംഘത്തെ കൊന്നൊടുക്കാന്‍ ആര്‍ത്തലച്ചുവന്ന തൊള്ളായിരത്തി അന്‍പത്‌ അംഗ ശത്രുസൈന്യത്തെയും നോക്കിയ പ്രവാചകന്‍ മനോനില തകരാതെ, പ്രതീക്ഷ കൈവിടാതെ അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചു: ``അല്ലാഹുവേ, ഈ കൊച്ചു സംഘം ഇന്നിവിടെ പരാജയപ്പെട്ടാല്‍ പിന്നെ ഈ നാട്ടില്‍ നിന്നെ ആരാധിക്കാന്‍ ആരുമുണ്ടാകില്ല. അതിനാല്‍ സഹായിക്കേണമേ.''


അല്ലാഹു പ്രവാചകന്റെ പ്രാര്‍ഥന കേട്ടു. ബദ്‌ര്‍യുദ്ധത്തില്‍ മുസ്‌ലിംകള്‍ അത്ഭുതകരമായ വിജയം നേടി. ശത്രുപക്ഷം പരാജയപ്പെട്ട്‌ വിരണ്ടോടി. അവരില്‍ എഴുപത്‌ പേര്‍ക്ക്‌ ജീവഹാനി സംഭവിച്ചു. അത്രയും പേര്‍ ബന്ധനസ്ഥരാക്കപ്പെട്ടു. മുസ്‌ലിംകള്‍ക്ക്‌ നഷ്‌ടപ്പെട്ടത്‌ പതിനാല്‌ പേര്‍ മാത്രം. അവരാകട്ടെ രക്തസാക്ഷിത്വ പദവികൊണ്ട്‌ അനുഗ്രഹീതരുമായി.
ഇസ്‌ലാമിക സമൂഹത്തെ ആയുധം കൊണ്ടും ആള്‍ബലം കൊണ്ടും നശിപ്പിച്ചില്ലാതെയാക്കാന്‍ ലോകത്തൊരു ശക്തിക്കും സാധിക്കുകയില്ല എന്ന മഹത്തായ സന്ദേശമാണ്‌ ബദ്‌ര്‍ പകര്‍ന്നുനല്‌കുന്നത്‌. അതിനാല്‍ മുസ്‌ലിംകള്‍ ബദ്‌റിനെയും `ബദ്‌രീങ്ങളെ'യും ആദരിക്കുന്നു. അഥവാ ബദ്‌രീങ്ങളുടെ -ബദ്‌റില്‍ പങ്കെടുത്ത സൗഭാഗ്യശാലികളായ സത്യവിശ്വാസികളുടെ ആദര്‍ശ പ്രതിബദ്ധതയെ മുസ്‌ലിംകള്‍ അവരുടെ ജീവിതത്തിലേക്ക്‌ സ്വാംശീകരിക്കുന്നു. ഏകദൈവ വിശ്വാസവും ഏകനായ അല്ലാഹുവിലുള്ള പ്രതീക്ഷയുമാണ്‌ ആ ആദര്‍ശം. മുസ്‌ലിംകള്‍ ബദ്‌റില്‍ ഉയര്‍ത്തിപ്പിടിച്ച തൗഹീദീ ആദര്‍ശത്തെ പ്രശംസിച്ചു കൊണ്ടും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും അല്ലാഹു പറയുന്നതിപ്രകാരമാണ്‌:


``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ സഹായം തേടിയിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട്‌ ഞാന്‍ നിങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതാണ്‌ എന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ മറുപടി നല്‍കിയതും ഓര്‍ക്കുക.'' (വി.ഖു 8:9)


ദുരിത നിവാരണത്തിനും ആഗ്രഹ സഫലീകരണത്തിനും അല്ലാഹുവിനെ മാത്രം വിളിച്ചുതേടണമെന്നും അങ്ങനെയുള്ളവരെയാണ്‌ അല്ലാഹു ഇഷ്‌ടപ്പെടുകയെന്നുമുള്ള മഹിതമായ സന്ദേശമാണ്‌ ബദ്‌റിന്റെ ഏറ്റവും സുപ്രധാനമായ ആശയം. ദൈവീക സഹായത്തിന്‌ അതിരുകള്‍ നിര്‍ണയിക്കുക സാധ്യമല്ല എന്നും ബദ്‌ര്‍ പഠിപ്പിക്കുന്നു. എന്നാല്‍ മഹാന്മാരായ ബദ്‌രീങ്ങളുടെ പേരില്‍ ഇന്നും ചില മുസ്‌ലിംകള്‍ തെറ്റായ ചില വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. ഇഹലോകത്തും പരലോകത്തും ബദ്‌രീങ്ങള്‍ നമ്മെ സഹായിക്കുമെന്നും അതിനാല്‍ അവരോട്‌ നേരിട്ടും അവരെ ഇടയാളന്മാരാക്കിയും പ്രാര്‍ഥിക്കണമെന്നും ഇവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.


ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഈ വാദഗതി മുസ്‌ലിം സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടത്‌ മാല-മൗലൂദുകളിലൂടെയാണ്‌. റബീഉല്‍അവ്വല്‍ മാസത്തില്‍ ചില പുരോഹിതന്മാരുടെ നേതൃത്വത്തില്‍ യാഥാസ്ഥിതിക വിഭാഗക്കാരില്‍ ചിലര്‍ ചൊല്ലുന്ന മന്‍ഖൂസ്‌ മൗലൂദിലും വിശുദ്ധ റമദാനില്‍ ചിലര്‍ ഭക്ത്യാദരപൂര്‍വം ചൊല്ലുന്ന ബദ്‌ര്‍മാലയിലും ഇസ്‌ലാമിന്റെ ഏകദൈവത്വ സിദ്ധാന്തത്തിന്‌ കടകവിരുദ്ധമായ വരികള്‍ കാണാം. ആരാധനകളിലൂടെ അല്ലാഹുവിനോട്‌ കൂടുതല്‍ അടുക്കേണ്ട വിശുദ്ധ റമദാന്‍ മാസത്തില്‍ ബദ്‌രീങ്ങളെ തവസ്സുലാക്കി പ്രാര്‍ഥിക്കുന്നവര്‍ മഹാരഥന്മാരായ ബദ്‌രീങ്ങളെയും വിശുദ്ധ റമദാനിനെയും ഒരേ സമയം അപകീര്‍ത്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഇസ്‌ലാമിന്റെ സത്തയും ചൈതന്യവും അറിയാനോ ഉള്‍ക്കൊള്ളാനോ തയ്യാറാകാതെ ഭക്തിയുടെ മറവില്‍ മാല-മൗലൂദുകളില്‍ അഭിരമിക്കുന്ന മുസ്‌ലിം നാമാധാരികളും ഈ വ്യതിയാനത്തില്‍ അവരെ തളച്ചിടാന്‍ ദുര്‍ബോധനം നടത്തുന്ന പുരോഹിതന്മാരും ഇസ്‌ലാമിന്റെ ദൃഷ്‌ടിയില്‍ കുറ്റവാളികളാണെന്ന കാര്യത്തില്‍ സംശയമില്ല.


"പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കട്ടെ. ഞാന്‍ അവന്റെ സമീപത്ത്‌ തന്നെയുണ്ട്‌'' എന്ന്‌ ഖുര്‍ആന്‍ 2:186ലും "അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങള്‍ വിളിച്ചുതേടരുത്‌'' എന്ന്‌ ഖുര്‍ആന്‍ 28:88ലും, ഒരു മനുഷ്യന്‍ പ്രാര്‍ഥിക്കാനും പ്രതീക്ഷയര്‍പ്പിക്കാനും അല്ലാഹു മതിയായതല്ലയോ എന്ന്‌ ഖുര്‍ആന്‍ 39:36ലും എത്ര വലിയ കുറ്റവാളിയും ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങാന്‍ തയ്യാറുണ്ടെങ്കില്‍ അവന്‍ തെല്ലും നിരാശപ്പെടേണ്ടതില്ലെന്നും അല്ലാഹു കരുണാമയനാണെന്നും അവനോട്‌ പ്രാര്‍ഥിക്കുന്നവരുടെ പാപം അവന്‍ പൊറുത്തുകൊടുക്കുമെന്നും 39:53ലും അല്ലാഹുവിനെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാത്തതു കൊണ്ടാണ്‌ മനുഷ്യര്‍ ബഹുദൈവത്വ ശീലങ്ങളിലേക്ക്‌ വഴുതിപ്പോകുന്നതെന്ന്‌ 39:67ലും ``അല്ലാഹുവല്ലാതെ പാപം പൊറുക്കാന്‍ മറ്റാരാണുള്ളത്‌?'' എന്ന അല്ലാഹുവിന്റെ ശക്തമായ ചോദ്യം 3:135ലും സൂചനകള്‍ കാണാം.


അല്ലാഹു അല്ലാത്ത ശക്തികളിലും വ്യക്തികളിലും മഹാന്മാരിലും പ്രതീക്ഷയര്‍പ്പിച്ച്‌ അവരോട്‌ പ്രാര്‍ഥിച്ച്‌, വ്യതിയാനജീവിതം നയിച്ചവരെല്ലാം- മന്‍ഖൂസ്‌ മൗലൂദും ബദ്‌ര്‍ മൗലൂദും ബദ്‌ര്‍മാലയും പാടിയവരുള്‍പ്പെടെ- പരലോകത്ത്‌ വെച്ച്‌ ആ നേതാക്കളെല്ലാം കൈയൊഴിയുമെന്നും താനും തന്റെ കര്‍മങ്ങളും ഒറ്റക്കാണ്‌ എന്ന ഞെട്ടിക്കുന്ന അവസ്ഥ കാണേണ്ടിവരുമെന്നും ഖുര്‍ആന്‍ 2:166, 14:21, 80:34-37 എന്നീ സൂക്തങ്ങളില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇഹലോകത്തും പരലോകത്തും നമുക്ക്‌ യഥാര്‍ഥ അവലംബവും ആലംബവും പ്രതീക്ഷയും പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണെന്നിരിക്കെ എന്തിനാണ്‌ നാം പ്രവാചകന്മാരോടും ബദ്‌രീങ്ങള്‍ പോലുള്ള മഹാന്മാരോടും പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നത്‌ എന്നും മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ രേഖകള്‍ മുന്നില്‍ വെച്ചുകൊണ്ട്‌ ഓരോ വിശ്വാസിയും ചിന്തിക്കേണ്ടതാണ്‌.


പ്രാര്‍ഥനയും അര്‍ച്ചനയും അല്ലാഹുവിനോട്‌ മാത്രം മതി എന്ന്‌ പറയുമ്പോള്‍ `ദഹനക്കേട്‌' അനുഭവപ്പെടുന്ന ചിലരുണ്ട്‌ എന്ന്‌ ഖുര്‍ആന്‍ 39:45ല്‍ അല്ലാഹു സൂചിപ്പിച്ച കാര്യവും ബദ്‌ര്‍മാലയും മന്‍ഖൂസ്‌ മൗലൂദും ചൊല്ലുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. ബദ്‌രീങ്ങളുടെ പേരുച്ചരിച്ച്‌ പ്രാര്‍ഥിച്ചാല്‍ എല്ലാ കാര്യങ്ങളും സഫലമാകും എന്ന്‌ തെറ്റിദ്ധരിച്ച്‌ ബദ്‌ര്‍മാലയും മൗലിദും പാടുന്നവര്‍ മുകളില്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിക്കാനും താഴെ കൊടുക്കുന്ന വസ്‌തുതകള്‍ ചിന്തിക്കാനും സന്മനസ്സ്‌ കാണിക്കണം.

ഒന്ന്‌: ഹിജ്‌റ രണ്ടാം വര്‍ഷം റമദാനിലാണ്‌ ബദ്‌ര്‍ യുദ്ധം നടന്നത്‌. അതിന്‌ ശേഷം ഹിജ്‌റ മൂന്നില്‍ നടന്ന ഉഹ്‌ദ്‌ യുദ്ധത്തിലും അഞ്ചില്‍ നടന്ന ഖന്‍ദഖ്‌ യുദ്ധത്തിലും ഒമ്പതില്‍ നടന്ന ഹുനൈന്‍ യുദ്ധത്തിലും പ്രവാചകനും സ്വഹാബികളും കടുത്ത പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ സ്വഹാബികളിലൊരാള്‍ പോലും ഒരിക്കല്‍ പോലും ബദ്‌രീങ്ങളെ വിളിച്ച്‌ തേടുകയോ അവരെ തവസ്സുലാക്കുകയോ ചെയ്‌തില്ല. പ്രതിസന്ധികള്‍ നീക്കിത്തരാന്‍ അവര്‍ അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുകയാണ്‌ ചെയ്‌തത്‌. മൗലൂദ്‌ കിതാബിലുള്ളത്‌ ശരിയാണെങ്കില്‍ സ്വഹാബികള്‍ കൂട്ടത്തോടെയോ ഒറ്റക്കൊറ്റക്കോ ബദ്‌രീങ്ങളുടെ പേരുച്ചരിക്കുകയും ഒരു ബദ്‌ര്‍ മൗലൂദ്‌ പാടുകയുമല്ലേ ചെയ്യേണ്ടിയിരുന്നത്‌.


രണ്ട്‌: കാര്യങ്ങള്‍ സാധിച്ചുകിട്ടാനും വിഷമങ്ങള്‍ നീങ്ങിക്കിട്ടാനും നിങ്ങള്‍ ബദ്‌രീങ്ങളെ വിളിച്ചോളൂ എന്ന്‌ ഒരിക്കല്‍ പോലും നബി(സ) അനുയായികളോട്‌ പറയുകയോ അങ്ങനെ ചെയ്യാമെന്ന്‌ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല.


മൂന്ന്‌: ഒന്നാം ഖലീഫ അബൂബക്കര്‍(റ), രണ്ടാം ഖലീഫ ഉമര്‍(റ), മൂന്നാം ഖലീഫ ഉസ്‌മാന്‍(റ), നാലാം ഖലീഫ അലി(റ) എന്നീ മഹാന്മാരായ സ്വഹാബികളുടെ കാലത്ത്‌ ആഭ്യന്തരവും ബാഹ്യവും വ്യക്തിപരവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. അപ്പോഴൊന്നും അത്തരം പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി `അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുന്നു' എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ച രക്തസാക്ഷികളായ ബദ്‌രീങ്ങളെ വിളിച്ചു തേടിയ ഒരു സംഭവവും ചരിത്രത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടില്ല. 


നാല്‌: പ്രാര്‍ഥനയുടെ രൂപവും രീതിയും കൃത്യമായും വ്യക്തമായും വിവരിക്കുന്ന ധാരാളം ആയത്തുകള്‍ ഖുര്‍ആനിലുണ്ട്‌ (ഉദാ: 2:186, 28:88, 39:53). അതിലൊരിടത്ത്‌ പോലും ബദ്‌രീങ്ങളെപ്പോലുള്ള മഹാന്മാരോട്‌ പ്രാര്‍ഥിക്കാനോ അവരെ ഇടയാളന്മാരാക്കി തവസ്സുല്‍ ചെയ്യാനോ ഉള്ള കല്‌പനയോ അനുവാദമോ ഇല്ല.


അഞ്ച്‌: ഖുര്‍ആനില്‍ ധാരാളം പ്രവാചകന്മാര്‍ പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാതെയും പ്രാര്‍ഥിച്ചത്‌ ഉദ്ധരിച്ചിട്ടുണ്ട്‌. അതില്‍ ഒന്നുപോലും അല്ലാഹു അല്ലാത്തവരോടുള്ള സഹായ തേട്ടമില്ല.


ആറ്‌: ഖുര്‍ആനില്‍ സത്യവിശ്വാസികളുടെ ചില മാതൃകാപ്രാര്‍ഥനകള്‍ വന്നിട്ടുണ്ട്‌. അവയിലൊന്നും അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയില്ല.

ഏഴ്‌: യുദ്ധത്തില്‍ രക്തസാക്ഷികളായ മഹാന്മാരായ സ്വഹാബികളെക്കുറിച്ച്‌ `അയ്യോ പാവം! അവര്‍ ജീവിതം തുലച്ചുകളഞ്ഞു' എന്ന്‌ പലരും പരിഹസിക്കുകയും സഹതപിക്കുകയും ചെയ്‌തപ്പോള്‍ രക്തസാക്ഷികള്‍ പരലോകത്ത്‌ അനുഭവിക്കുന്ന സൗഭാഗ്യദായകമായ ജീവിതത്തെ സൂചിപ്പിക്കാനും വിമര്‍ശനങ്ങള്‍ക്ക്‌ വായടപ്പന്‍ മറുപടി എന്ന നിലയിലുമാണ്‌ ``അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌'' എന്ന്‌ ഖുര്‍ആന്‍ (2:154, 3:169) പറഞ്ഞത്‌. അല്ലാതെ അവര്‍ക്ക്‌ ഭൂമിയിലെ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുമെന്നും നമ്മെ സഹായിക്കാന്‍ കഴിയുമെന്നും അവരോട്‌ നമുക്ക്‌ സഹായം തേടി പ്രാര്‍ഥിക്കാമെന്നും ഇത്തരം ആയത്തുകള്‍ക്കര്‍ഥമില്ല. ഒരു മുഫസ്സിറും അങ്ങനെ സൂചിപ്പിച്ചിട്ടുമില്ല. 


നാം ബദ്‌രീങ്ങളോട്‌ പ്രാര്‍ഥിക്കുകയും അവരോട്‌ സഹായം തേടുകയുമല്ല വേണ്ടത്‌. അത്‌ അങ്ങേയറ്റം കുറ്റകരവും നമ്മുടെ എല്ലാവിധത്തിലുള്ള കര്‍മങ്ങളെയും നശിപ്പിച്ചുകളയുന്നതുമാണ്‌. ബദ്‌രീങ്ങളെ നാം സ്‌നേഹിക്കുക. അവരുടെ ജീവിതം മാതൃകയാക്കുക. അതാണ്‌ കരണീയം, അതുമാത്രം.


By ശംസുദ്ദീന്‍ പാലക്കോട്‌